ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ കര്‍ഷകര്‍ക്കാണ് തുക അനുവദിക്കുന്നത്.
ഉത്പാദനക്ഷമത കുറഞ്ഞ റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതും, ഉല്പാദനക്ഷമത കൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള മുപ്പതിനായിരം ഹെക്ടറിലെ പുനര്‍നടീലാണ് സംസ്ഥാനത്ത് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അമ്പതിനായിരത്തോളം റബ്ബര്‍ കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും. നിലവില്‍ 25 സെന്റ് മുതല്‍ 5 ഹെക്ടര്‍ വരെ കൃഷിയുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ 2 ഹെക്ടര്‍ വരെയുള്ള റബ്ബര്‍ പുനര്‍നടീലിനാണ് പദ്ധതിയിലുള്‍പ്പെടുത്തി ധനസഹായം നല്‍കുക. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ശാസ്ത്രീയ കൃഷിമുറകളില്‍ സാങ്കേതിക പരിജ്ഞാനവും ഇതോടൊപ്പം നല്‍കും.
ഉല്പാദന ക്ഷമത കൂടിയ ഇനങ്ങളുപയോഗിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യവര്‍ഷം അമ്പത്തയ്യായിരം, രണ്ടാം വര്‍ഷം ഇരുപതിനായിരം എന്ന രീതിയിലായിരിക്കും ധനസഹായം ലഭ്യമാക്കുക. ഇതോടൊപ്പം നിലവാരമുള്ള റബ്ബര്‍ തൈകള്‍ ഉല്പാദിപ്പിക്കുന്നതിനു ഈ ജില്ലകളിലെ 30 നഴ്‌സറികള്‍ക്കു 6 ലക്ഷം രൂപ വരെ സബ്‌സിഡിയും അനുവദിക്കും. താല്പര്യമുള്ള കര്‍ഷകര്‍ക്കും നഴ്‌സറികള്‍ക്കും കേര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (https://www.keraplantation.kerala.gov.in) വഴി നേരിട്ട് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരെ കേര നടത്തുന്ന പരിശീലന പരിപാടിയിലേക്ക് ക്ഷണിക്കുന്നതാണ്. അര്‍ഹരായ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനും, പദ്ധതി നടപ്പിലാക്കുന്നതിനുമായി കേര ഫീല്‍ഡ് ഓഫീസര്‍മാര്‍ നേരിട്ടുള്ള പിന്തുണ ഉറപ്പുവരുത്തുന്നതാണ്.
തിരിച്ചറിയല്‍ രേഖ, ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്‌കെച്ച്, അംഗീകൃത നഴ്‌സറിയില്‍ നിന്ന് നടീല്‍ വസ്തുക്കള്‍ വാങ്ങിയതിന്റെ ബില്‍ തുടങ്ങിയ രേഖകള്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരയുടെ കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ റീജിയണല്‍ ഓഫീസുമായോ 9037824036, 9037824049, 9037824047 എന്നീ ഫോണ്‍ നമ്പറുകളുമായോ ബന്ധപ്പെടുക.

