കോട്ടയം: റബര്സബ്സിഡി വൈകുന്നത് കേരളത്തിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കേരള സര്‍ക്കാര്‍ റബറിന് കിലോഗ്രാമിന് 200 എന്ന കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും, സബ്സിഡി തുക കര്‍ഷകര്‍ക്ക് ലഭിക്കാന്‍ വൈകുകയാണ്. കര്ഷകരിലേറിയ പങ്കും ടാപ്പിംഗ് നിര്‍ത്തിതുടങ്ങി. റബറിന്റെ സീസണായ ഡിസംബര്‍ മാസത്തില്‍തന്നെ പല കര്‍ഷകരും ടാപ്പിംഗ് തുടരാനാവാതെ നിര്‍ത്തിയിരുന്നു.
കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളെ തുടര്‍ന്ന് പാലുത്പാദനം തീരെ കുറഞ്ഞിരുന്നു. വിലക്കുറവുകൂടിയായതോടെ പിടിച്ചുനില്‍ക്കാനാവാതെ കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തുകയായിരുന്നു. സര്‍ക്കാരില്‍ നിന്നും സബ്സിഡി തുകയെങ്കിലും ലഭിച്ചിരുന്നെങ്കില്‍ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായേനെ.
താങ്ങുവില 180 രൂപയില്‍ നിന്നും 200രൂപയിലേക്ക് നവംബര്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ചിരുന്നെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നില്ല.
താങ്ങുവില ലഭിക്കുന്നതിന് റബ്ബര്‍ കര്‍ഷകര്‍ റബ്ബര്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്ട്രേഷന് പുതുക്കേണ്ടതുണ്ട്. പുതുക്കലിന് ശേഷം, വില്‍പ്പന ബില്ലുകള്‍ ആര്‍പിഎസുകള്‍ വഴി ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യണം. ഡിസംബര്‍ പകുതിയോടെ റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ തുറന്നതായി പറഞ്ഞ രജിസ്ട്രേഷന് പുതുക്കലിനായുള്ള വെബ്സൈറ്റ് ഇതുവരെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഈ മാസം പോലും രജിസ്ട്രേഷന് പുതുക്കല്‍ പൂര്‍ത്തിയാക്കി ബില്ലുകള്‍ അപ് ലോഡ് ചെയ്യാനാവുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഈ സീസണില്‍ സബ്സിഡി നഷ്ടപ്പെടുമെന്ന് പല കര്‍ഷകരും ഭയപ്പെടുന്നു.
ചെറുകിട റബര്‍ കര്‍ഷകര്‍ ദൈനംദിന ചെലവുകള്‍ നേരിടാന്‍ ബുദ്ധിമുട്ടിലാണെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. പലരും ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം, വെബ്സൈറ്റിലെ പ്രശ്നങ്ങളും രജിസ്ട്രേഷന് പുതുക്കലിനുള്ള തടസങ്ങളും പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും റബര്‍ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. രജിസ്ട്രേഷന് പുതുക്കല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഡിസംബര്‍ വരെയുള്ള വില്പന ബില്ലുകള്‍ കര്‍ഷകര്‍ക്ക് അപ് ലോഡ് ചെയ്യാന്‍ കഴിയും.

