വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൃഷിയോടുള്ള താല്‍പ്പര്യം വളര്‍ത്തുകയും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുകയും ലഹരി ഉപയോഗം തടയുകയും ചെയ്യുന്നതിന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പച്ചക്കറി പോഷകത്തോട്ട കാമ്പയിന് ആരംഭിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി കുറഞ്ഞത് 300 യൂണിറ്റ് വീതം, ആകെ 4500 പച്ചക്കറി പോഷകത്തോട്ട യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്.
രാഷ്ട്രീയ കൃഷിവികാസ് യോജനയുടെ ഭാഗമായി പദ്ധതി
കൃഷിവകുപ്പിന്റെ പോഷക സമൃദ്ധി മിഷന് പദ്ധതിയുടെ ഭാഗമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നടപ്പാക്കുന്ന രാഷ്ട്രീയ കൃഷിവികാസ് യോജന പച്ചക്കറി പോഷകത്തോട്ട പദ്ധതിയിലൂടെയാണ് ഈ കാമ്പയിന് നടപ്പാക്കുന്നത്. ഗ്രീന്‍ കേഡറ്റ് കോര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി ക്ലബ്ബുകളുടെ സജീവ പങ്കാളിത്തവും പദ്ധതിയിലുണ്ടാകും.
10 സെന്റ് ഭൂമിയുള്ള സ്ഥാപനങ്ങള്‍ക്കു അവസരം
കുറഞ്ഞത് 10 സെന്റ് കൃഷിയിടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഒരു സ്ഥാപനത്തിന് പരമാവധി അഞ്ച് യൂണിറ്റുവരെ, അതായത് 50 സെന്റ് വരെ കൃഷിയിടം അനുവദിക്കും. വിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും ഈ പദ്ധതിയില്‍ പങ്കാളികളാകാം.
ഫലവൃക്ഷങ്ങളും സുഗന്ധവിളകളും ഉള്‍പ്പെടും
മാവ്, ചാമ്പ, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബൂട്ടാന്, പാഷന് ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യന്‍ ചെറി, ഇഞ്ചി തുടങ്ങിയ ഫല-സുഗന്ധവിളകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമായ വിത്തുകളും തൈകളും സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മ
വിദ്യാര്‍ഥികളോടൊപ്പം അധ്യാപകരുടെയും സ്ഥാപന മാനേജ്മെന്റ് പ്രതിനിധികളുടെയും സേവനവും പദ്ധതിയില്‍ പ്രയോജനപ്പെടുത്തും. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും കൃഷിവകുപ്പും അനുബന്ധ പദ്ധതികളും ചേര്‍ന്നാണ് പദ്ധതിച്ചെലവ് കണ്ടെത്തുന്നത്.
ഫെബ്രുവരിയില്‍ തുടക്കം; 30 വരെ അപേക്ഷിക്കാം
ഫെബ്രുവരിയിലാണ് കാമ്പയിന് ആരംഭിക്കുക. പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഓഫീസുമായോ സമീപത്തെ കൃഷിഭവനുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

