വാര്‍ത്തകളില്‍ പച്ചക്കറി വില കുറഞ്ഞുവെന്ന വാര്‍ത്ത വരുമ്പോള്‍ ഉപഭോക്താവിന് അത് സന്തോഷവാര്‍ത്തയാകാം. എന്നാല്‍ കൃഷിയിടത്തിലുള്ള കര്‍ഷകന് അത് ആശ്വാസമല്ല, ആശങ്കയാണ്. കാരണം വില കുറഞ്ഞതിന്റെ പിന്നില്‍ കര്‍ഷകന്റെ നഷ്ടക്കണക്കുകളാണ് ഒളിഞ്ഞിരിക്കുന്നത്.
ഇന്നത്തെ കൃഷി ചെലവേറിയതാണ്. വിത്തിന്റെ വില, വളം, കീടനാശിനികള്‍, തൊഴിലാളികളുടെ കൂലി, ജലസേചനം എല്ലാം ചേര്‍ന്നാല്‍ വലിയ തുകയാണ് ചെലവാകുന്നത്. ഇത്രയും ചെലവിട്ട് ഉല്‍പാദിപ്പിക്കുന്ന വിളയ്ക്ക് വിപണിയില്‍ വില കിട്ടാതെ വരുമ്പോള്‍ കര്‍ഷകന്‍ കടക്കെണിയിലാകും.
വില നിശ്ചയിക്കുന്നത് കര്‍ഷകന്‍ അല്ല. ഇടനിലക്കാരും വിപണി സംവിധാനങ്ങളുമാണ് വില നിയന്ത്രിക്കുന്നത്. കൃഷിയിടത്തില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എടുത്ത പച്ചക്കറി ഉപഭോക്താവിലേക്ക് എത്തുമ്പോള്‍ പലമടങ്ങ് വില കൂടുന്ന അവസ്ഥയാണ് കാണുന്നത്. എന്നാല്‍ ആ നേട്ടം കര്‍ഷകനിലേക്ക് എത്തുന്നില്ല.
വിലത്തകര്‍ച്ച സ്ഥിരമായാല്‍ കര്‍ഷകന്‍ അടുത്ത കൃഷിക്ക് മടിക്കുന്നു. ”ഇനി കൃഷി ചെയ്തിട്ട് കാര്യമുണ്ടോ?” എന്ന ചോദ്യം മനസ്സില്‍ ഉയരുന്നു. ഇത് ഭക്ഷ്യസുരക്ഷയ്ക്കും വലിയ ഭീഷണിയാണ്. കര്‍ഷകന്‍ നിലനില്‍ക്കാതെ പോയാല്‍ നാളെയുടെ വിപണി ഉപഭോക്താവിനും പ്രതിസന്ധിയിലാകും.
വില കുറയുമ്പോള്‍ ആഘോഷിക്കുന്നതിനു പകരം, കര്‍ഷകനും ഉപഭോക്താവും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന വിപണി സംവിധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്.

