ജീവനും സ്വത്തിനും ഒരുപോലെ ഭീഷണിയായി കാട്ടുപന്നികള്‍
സംസ്ഥാനത്ത് പലയിടങ്ങളിലും ജനജീവിതം ഇന്ന് കടുത്ത ഭീതിയിലൂടെയാണ് കടന്നു പോകുന്നത്. ഒരുകാലത്ത് കൃഷിവിളകള്‍ മാത്രം നശിപ്പിച്ചിരുന്ന കാട്ടുപന്നികള്‍ ഇപ്പോള്‍ മനുഷ്യരെയും ആക്രമിക്കാന്‍ തുടങ്ങിയത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. ചിലയിടങ്ങളില്‍ പകല്‍ സമയങ്ങളില്‍ പോലും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ഭീതിയോടെയാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്.
കൃഷിയിടങ്ങളില്‍ പന്നികള്‍ കൂട്ടമായി ഇറങ്ങുകയും നെല്‍പ്പാടങ്ങളും പച്ചക്കറി കൃഷികളും പൂര്‍ണമായി നശിപ്പിക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. അതിനൊപ്പം മനുഷ്യരിലേക്കും ആക്രമണം വ്യാപിച്ചതോടെ ഇത് വെറും കാര്‍ഷിക പ്രശ്‌നമല്ല, ഗുരുതരമായ സാമൂഹ്യ സുരക്ഷാ പ്രശ്‌നമായി മാറിയിരിക്കുകയാണ്.
പ്രത്യേകാധികാരം ലഭിച്ചിട്ടും നടപ്പാക്കാത്ത പഞ്ചായത്തുകള്‍
ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി കൊല്ലുന്നതിനായി തദ്ദേശസ്ഥാപന അദ്ധ്യക്ഷരെ ഓണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരാക്കി സര്‍ക്കാര്‍ പ്രത്യേകാധികാരം നല്‍കിയിരുന്നു. വനംവകുപ്പ് നേരിട്ട് ഇടപെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ക്ക് തന്നെ നടപടി സ്വീകരിക്കാനാവുന്ന തരത്തിലായിരുന്നു ഉത്തരവ്.
കാട്ടുപന്നികളെ ഏതെല്ലാം മാര്‍ഗങ്ങളില്‍ കൊല്ലാമെന്നും, കൊല്ലപ്പെടുന്ന പന്നികളുടെ ജഡങ്ങള്‍ എങ്ങനെ മറവുചെയ്യണമെന്നും ഉള്‍പ്പെടെ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് പ്രായോഗികതലത്തില്‍ പല പഞ്ചായത്തുകളിലും നടപ്പായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഉത്തരവ് ഉണ്ടെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരുമില്ലെന്ന പരാതിയാണ് നാട്ടുകാരും പഞ്ചായത്ത് ഭരണസമിതികളും ഉന്നയിക്കുന്നത്.
വനംവകുപ്പ് വിട്ടൊഴിഞ്ഞ ചുമതല, പഞ്ചായത്തുകള്‍ മുന്നോട്ട് വന്നില്ല
കാട്ടുപന്നി നിയന്ത്രണ ചുമതല വനംവകുപ്പ് ക്രമേണ വിട്ടൊഴിയുകയും, അതിനുപകരം പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്. അനുമതി ലഭിച്ചിട്ടും പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കാത്തത് കൃഷിയിടങ്ങളില്‍ പന്നിശല്യം വ്യാപകമാകാന്‍ കാരണമായി.
വനംവകുപ്പ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന പരാതികള്‍ നേരത്തെ തന്നെ പഞ്ചായത്ത് ഭരണസമിതികള്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയതെങ്കിലും, അധികാരം പ്രായോഗികമായി വിനിയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഉത്തരവില്‍ അവ്യക്തത; ഉത്തരവാദിത്തം ആര്‍ക്കെന്ന് വ്യക്തമല്ല
പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ ഉത്തരവിലെ അവ്യക്തതയും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാട്ടുപന്നിയെ കൊന്നാല്‍ അതിന്റെ ജഡം മറവുചെയ്യാനുള്ള ചുമതല വസ്തുവുടമയ്ക്ക് നല്‍കിയിരിക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടാതെ ജഡങ്ങള്‍ നശിപ്പിക്കപ്പെടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതോടൊപ്പം, ഇറച്ചി കടത്തുസംഘങ്ങള്‍ സജീവമാകാനുള്ള സാഹചര്യം ഒരുക്കുന്നുവെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ ആരോപണം. ഈ വിഷയത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലും അനിവാര്യമാണെന്ന് പഞ്ചായത്ത് ഭരണസമിതികള്‍ പറയുന്നു.
വെടിവയ്ക്കാന്‍ ആളില്ല; വേതനവും ചെലവും തടസ്സം
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനായി ഒരു പന്നിക്ക് യാത്രാപടിയും ഉള്‍പ്പെടെ ആയിരം രൂപ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഒരൊറ്റ പന്നിയെ വെടിവയ്ക്കാന്‍ പലപ്പോഴും ഒന്നിലധികം ദിവസങ്ങള്‍ വേണ്ടിവരുന്നു. ചില സന്ദര്‍ഭങ്ങളില്‍ പന്നിയുടെ ആക്രമണത്തില്‍ വെടിവയ്ക്കാന്‍ എത്തിയവര്‍ക്ക് തന്നെ പരിക്കേല്‍ക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരു വെടിയുണ്ടയ്ക്ക് 150 രൂപ ചെലവാകുന്നു. അതിനൊപ്പം തോക്കിന്റെ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടുമ്പോള്‍ വെടിവയ്ക്കുന്നയാള്‍ക്ക് മാന്യമായ വേതനം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒരു വര്‍ഷമായി പണം കിട്ടാനുണ്ടായിട്ടും ലഭിക്കാത്തവരും ഉണ്ടെന്ന് പറയുന്നു.
ഈ സാഹചര്യത്തില്‍ പുതുതായി ആരും ഈ മേഖലയിലേക്ക് വരാന്‍ തയ്യാറാകുന്നില്ല. നിലവിലുള്ളവര്‍ പോലും പിന്‍മാറുന്ന അവസ്ഥയാണ്, ഇത് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി നിലയ്ക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
വ്യാപകമാകുന്ന ശല്യം: നിരവധി പഞ്ചായത്തുകള്‍ ഭീതിയില്‍
രാത്രിയെന്നോ പകല്‍ എന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികള്‍ കൂട്ടമായി ഇറങ്ങുന്ന കാഴ്ചയാണ് പല പ്രദേശങ്ങളിലും.
നെല്‍പ്പാടങ്ങള്‍, വാഴത്തോട്ടങ്ങള്‍, കപ്പ, ചേന, പച്ചക്കറി കൃഷികള്‍ എന്നിവ പൂര്‍ണമായും നശിപ്പിക്കപ്പെടുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിയിടങ്ങളില്‍ നിക്ഷേപിച്ച പണം മുഴുവന്‍ നഷ്ടമാകുന്ന അവസ്ഥയാണെന്നും, നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ
തുടര്‍ച്ചയായ കാട്ടുപന്നി ആക്രമണത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ നീങ്ങുന്നു. ”വളവും വിത്തും ചെലവുമെല്ലാം മുടക്കി കൃഷി ചെയ്താല്‍ ഒരുനാളില്‍ എല്ലാം നശിപ്പിക്കപ്പെടുന്നു” എന്നാണ് കര്‍ഷകരുടെ വാക്കുകള്‍.
ഇത് കൃഷി ഉപജീവനമാക്കിയ കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. യുവതലമുറ കൃഷിയില്‍ നിന്ന് അകന്നു പോകുന്ന പ്രവണതയും ഇതോടെ കൂടുതല്‍ ശക്തമാകുന്നു.
നാട്ടുകാരുടെ ആവശ്യം: ചുമതല വനംവകുപ്പിന് തിരികെ നല്‍കണം
കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ അടിയന്തര നടപടി ആവശ്യമാണ് എന്നാണ് നാട്ടുകാരുടെ ഏകാഭിപ്രായം. നിലവിലെ അവസ്ഥയില്‍ ഈ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മാറ്റി വനംവകുപ്പിന് തന്നെ ഏല്‍പ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
അതല്ലെങ്കില്‍ നിലവിലുള്ള ഉത്തരവിലെ അവ്യക്തത മാറ്റണം. ഇതിനായി വെടിവയ്ക്കുന്നവര്‍ക്ക് യുക്തമായ വേതനം, ജഡസംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം, പണം സമയബന്ധിതമായി ലഭിക്കുന്ന സംവിധാനം, ഇവ ഉറപ്പാക്കുന്ന തരത്തിലുള്ള പരിഷ്‌കരണം സര്‍ക്കാര്‍ നടത്തണമെന്നാണ് നാട്ടുകാരും കര്‍ഷകരും ആവശ്യപ്പെടുന്നത്. നടപടി വൈകിയാല്‍ ഭീഷണി കൂടുതല്‍ രൂക്ഷമാകും.
കാട്ടുപന്നി ശല്യം ഇന്ന് കാര്‍ഷിക പ്രശ്‌നം മാത്രമല്ല, മനുഷ്യരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയമായി മാറിയിരിക്കുകയാണ്. ഉത്തരവുകളും പ്രഖ്യാപനങ്ങളും കടലാസില്‍ ഒതുങ്ങാതെ നിലത്തിറങ്ങാത്ത പക്ഷം, ഭീഷണി ഇനിയും രൂക്ഷമാകുമെന്ന ആശങ്കയാണ് കഷകര്‍ പങ്കുവെക്കുന്നത്. ജീവനും കൃഷിയും ഒരുപോലെ സംരക്ഷിക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ അനിവാര്യമാണ്.

