കോട്ടയം: ചെറുകിട റബര്‍കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡ് നല്‍കിവരുന്ന മഴമറ, മരുന്നുതളി സബ്സിഡി വര്‍ധിപ്പിച്ചേക്കും. മഴമറയ്ക്കും മരുന്നുതളിക്കും ചെലവ് കുത്തനെകൂടിയതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ ഹെക്ടറിന് നാലായിരം രൂപയാണ് രണ്ടിനും കൂടി നല്‍കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന് മാനേജ്മെന്റ് പ്രതിനിധികളും റബര്‍ ബോര്‍ഡ് അധികൃതരും സംസ്ഥാനത്തെ റബര്‍ ഉത്പാദ സംഘങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനവേളയില്‍ കര്‍ഷകര്‍ മഴമറയ്ക്കും മരുന്നുതളിക്കും ചെലവുകൂടിയതിനെക്കുറിച്ചും സബ്സിഡിതുകയുടെ അപര്യാപ്തതയെക്കുറിച്ചും പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഒരു ഹെക്ടര്‍ റബര്‍തോട്ടത്തില്‍ മഴമറയിടചുന്നതിന് ഏകദേശം പതിമൂവായിരം രൂപയോളം ചെലവു വരും. ഇതിന്റെ അറുപതുശതമാനമെങ്കിലും റബര്‍ബോര്‍ഡ് സബ്സിഡിയായി തരണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. മഴമറ, മരുന്നുതളി ചെലവിന്റെ അമ്പതുശതമാനം കര്‍ഷകര്‍ക്ക് സബ്സിഡിയായി നല്‍കാനുള്ള തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

