കഴിഞ്ഞ മാസങ്ങളില്‍ കോട്ടയം ജില്ലയില്‍ സ്ഥിരീകരിച്ച പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. കുമരകത്തും നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങലിലും പരിശോധന നടത്തി. ഇറച്ചിക്കടകളിലെ കത്തി, കട്ടിംഗ് ബോര്‍ഡ് എന്നിവിയില്‍ നിന്നുള്ള സാമ്പിള്‍, ഇറച്ചി കഴുകിയ വെള്ളം, ദേശാടന പക്ഷികളുടെ കാഷ്ടം, പറന്നു നടക്കുന്ന പക്ഷികളുടെ കാഷ്ടം, പാടങ്ങളിലെ വെള്ളം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ചു. തഴക്കരയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവയുടെ കാഷ്ടവും ശേഖരിച്ചത്.
ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ. സി. ടോഷ്, ഡോ. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുവല്ല പക്ഷി രോഗ നിര്‍ണയ കേന്ദ്രം ഏവിയന്‍ ഡിസീസസ് ഡയഗ്നോസ്റ്റിക് ലാബ് ഡെപ്യൂട്ടി ഡയറക്ടര്‍ ദീപു ഫിലിപ്പ് മാത്യു, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. രാഹുല്‍ ആര്, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. മനോജ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദേശാടന പക്ഷിയുടെ വരവാണോ പക്ഷിപ്പനിയ്ക്ക് കാരണമെന്ന് പഠിക്കുകയാണ് പ്രധാനം. ദേശാടന പക്ഷികള്‍ കുമരകത്ത് കൂടുതല്‍ എത്തുന്നതിനാല്‍ ഇവിടെ വിപുലമായ പരിശോധന നടത്തി. ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് പുതിയ വൈറസ് സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തും. ജില്ലയില്‍ എച്ച് 5 എന്‍1 വൈറസാണ് കണ്ടെത്തിയത്. മറ്റ് പക്ഷികളില്‍ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ട്,തീവ്രത എന്നിവയും കണ്ടെത്തും.
പക്ഷിപ്പനി: കേന്ദ്രസംഘം കോട്ടയത്ത്; സാമ്പിളുകള്‍ ശേഖരിച്ചു

