ഓരുവെള്ള ഭീഷണി: ആലപ്പുഴയില്‍ നെല്‍ക്കര്‍ഷകരുടെ കളക്ടറേറ്റ് മാര്‍ച്ച് ഇന്ന്

ഓരുവെള്ളം കുട്ടനാട്ടിലെ നെല്‍കൃഷിക്ക് കടുത്ത ഭീഷണിയാകുന്ന സാഹചര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടും സംസ്ഥാന ബജറ്റില്‍ കുട്ടനാടിനെ അവഗണിച്ചതിനെതിരെയും നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. വേലിയേറ്റ സമയങ്ങളില്‍ കടലില്‍ നിന്നുള്ള ഉപ്പുകലര്‍ന്ന വെള്ളം കൃഷിയിടങ്ങളിലേക്ക് കയറുന്നതോടെ നെല്‍കൃഷി പൂര്‍ണമായും അപകടത്തിലായിരിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.

ഷട്ടറുകള്‍ അടച്ചിട്ടും പരിഹാരമില്ല
വേലിയേറ്റസമയത്ത് ഓരുവെള്ളം കൃഷിയിടങ്ങളിലേക്ക് കടക്കുന്നതിനെ തുടര്‍ന്ന് തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവിടങ്ങളിലെ ഷട്ടറുകള്‍ അടച്ചിരുന്നുവെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. സ്പില്‍വേയുടെ ആഴം വര്‍ധിച്ചതും ഷട്ടറുകള്‍ക്ക് ഗുരുതരമായ തകരാറുകള്‍ സംഭവിച്ചതുമാണ് ഓരുവെള്ളം കുട്ടനാടിനെ വീണ്ടും ഭീഷണിയിലാക്കുന്നതിന് കാരണമെന്നാണ് കര്‍ഷകരുടെ നിലപാട്.

പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം ഒഴുകുന്നു
പൂക്കൈതയാറില്‍ നിന്ന് കൃഷിക്ക് വെള്ളമെടുക്കുന്ന പാടശേഖരങ്ങളിലേക്കാണ് പ്രധാനമായും ഓരുവെള്ളം എത്തുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. വേനല്‍ചൂടിനൊപ്പം ഉപ്പുകലര്‍ന്ന വെള്ളം കൂടിയെത്തിയതോടെ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. വിളനാശ ഭീഷണി രൂക്ഷമായതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.

സ്പില്‍വേ ഖനനം വേലിയേറ്റം ശക്തമാക്കിയെന്ന് ആരോപണം
ദേശീയപാത നവീകരണത്തിന്റെയും കുട്ടനാട് വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെയും ഭാഗമായി തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് മണ്ണും ചെളിയും ഖനനം ചെയ്തതാണ് വേലിയേറ്റത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ ഷട്ടറുകള്‍ അടച്ചിരുന്നെങ്കിലും ആവശ്യമായ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തകര്‍ന്ന ഷട്ടറുകളിലൂടെ വലിയ തോതില്‍ ഓരുവെള്ളം പാടങ്ങളിലേക്ക് കയറുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഹെക്ടറുകണക്കിന് നെല്‍കൃഷി ഭീതിയില്‍
എ.സി. റോഡിന്റെ തെക്കേക്കരയില്‍ പുറക്കാട് വരെയുള്ള ഹെക്ടറുകണക്കിന് പാടശേഖരങ്ങളിലെ നെല്‍കൃഷിയാണ് തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നുള്ള ഓരുവെള്ളം മൂലം കടുത്ത ഭീഷണിയിലായത്. ഇതിന് പുറമേ തൃക്കുന്നപ്പുഴ, കന്നുകാലിപ്പാലം, തോട്ടുകടവ് തുടങ്ങിയ ചെറുതും വലുതുമായ നൂറുകണക്കിന് തോടുകളിലൂടെയും ഓരുവെള്ളം കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്നതായും കര്‍ഷകര്‍ അറിയിച്ചു.

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...